ദേവികുളം പോലീസ് സ്റ്റേഷന്‍എഴുതി മുഴുമിക്കാത്തതില്‍ നിന്ന്‍…….

Share this News for your Friends

മോഷണം പോയ ഒരു അഞ്ചു രൂപ നോട്ട് തിരഞ്ഞാണ് ഞാന്‍ ആ പുസ്തക കൂമ്പാരത്തിന് അടുത്തെത്തിയത്. ചിതലുകള്‍ തീര്‍ത്തുകൊണ്ടിരിക്കുന്ന ആ കടലാസുകള്‍ക്കിടയില്‍ ഞാന്‍ തേടുന്ന അഞ്ചു രൂപ കാണുമെന്ന തോന്നല്‍ ഒരു പ്രേരക ശക്തിയായി എന്നെ അതിലേക്ക് വലിച്ചടുപ്പിച്ചു.. ഞാന്‍ കൈവെള്ളയില്‍ എഴുതിയിട്ടിരിക്കുന്ന അക്ഷരങ്ങളെ ഒന്നുകൂടി വായിച്ചു ‘TA-10 64028’ പിന്നെ സാവധാനം ആ ചിതല്‍ കൂമ്പാരത്തിലേക്ക് നൂണ്ടിറങ്ങി., എന്റെ നെറുകയിലൂടെ ആയിരം കാലുകള്‍ ശരീരത്തിലേക്ക് അരിച്ചിറങ്ങുന്നത് ഞാന്‍ അറിഞ്ഞു.. ആയിരമായിരം കൊച്ചരി പല്ലുകള്‍ ശരീരത്തിലേക്ക് തുളഞ്ഞു കയറിയപ്പോള്‍ ഞാന്‍ എത്ര തടുത്തിട്ടും എനിക്കു കുളിരുകോരി….

”Inspector Gomathinayagom Pillai B.A of Devicolom is granted 20 days privilege leave. Senior Head Constable No. 216 Kesava Pillai to be in charge.”

Office of the Supt. Of Police O. H. BENSLEY.
Camp, Quilon Superintendent of Police
2nd March, 1904 Travancore.

തണുപ്പ് മൂടുന്ന ക്വാട്ടേഴ്സില്‍ തനിച്ചിരുന്ന ഞാന്‍ ഒരു സിഗരറ്റിന് തീ കൊടുത്തു കൊണ്ട് ചിതല്‍ പുറ്റിന് സമാനമായ ആ ജനറല്‍ ഡയറിയില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ഒരു കടലാസു തുണ്ടിലെ മങ്ങിയടര്‍ന്ന ഇംഗ്ലീഷ് വാക്കുകളെ ഏറെ പണിപ്പെട്ട് വായിച്ചെടുത്തു.
സംശയം തീര്‍ക്കുവാനായി അതിനടിയില്‍ മലയാള ലിപിയില്‍ വ്യക്തമായി എഴുതിയ വാചകം ഞാന്‍ വായിച്ചു.
‘ദേവികുളം ഇന്‍സ്പെക്ടര്‍ ഗോമതിനായഗം പിള്ള ബി എ ക്കു 20 ദിവസത്തെ പ്രിവില്ലേജ് അവധി കൊടുത്തിരിക്കുന്നു. 216- ആം നമ്പര്‍ സീനിയര്‍ ഹെഡ് കോണ്‍സ്റ്റബിള്‍ കേശവ പിള്ള ചാര്‍ജ്ജില്‍ ഇരിക്കുന്നതാണ്.
പോലീസ് സൂപ്രണ്ടാഫീസ്
കൊല്ലം മാര്‍ച്ച് 2 ,1904’

”ഇന്നേ ദിവസം (മാര്‍ച്ച് 2 ,1904) ദേവികുളം പോലീസ് സ്റ്റേഷനില്‍ ബഹു കൊല്ലം പോലീസ് സൂപ്രണ്ടാഫീസില്‍ നിന്നുമുള്ള ഉത്തരവ് പ്രകാരം ഞാന്‍ ചാര്‍ജ്ജില്‍ ഏറുന്നു.”
sd/-
HC 216 കേശവ പിള്ള

7 : 15AM: Prisoners 7 are taken out for answering the call of nature.
സംശയം തീര്‍ക്കാനായി അടുത്ത ദിവസം അതേ സമയത്ത് മലയാളലിപിയില്‍ വ്യക്തമായി എഴുതിയ വാചകം ഞാന്‍ വായിച്ചു..
7:15 AM: തടവുപുള്ളികളെ ചീക്കിറക്കി തിരികെ പാറാവില്‍ ഏല്‍പ്പിക്കുന്നു, , തടവ് പുള്ളികള്‍ ഏഴും ശരി . sd/- HC 216.

ഇടുക്കി ജില്ല പിറവി എടുക്കുന്നതിനും മുന്‍പ് ദേവികുളം പോലീസ് സ്റ്റേഷനിലെ 216- ആം നമ്പര്‍ ഹെഡ് കോണ്‍സ്റ്റബിള്‍ 1904 മാര്‍ച്ച് മാസം രണ്ടാം തീയതി എഴുതി തുടങ്ങിയ ആ ജനറല്‍ ഡയറിയുടെ ചിതലുകള്‍ തിന്നു തീര്‍ക്കാതെ ബാക്കി വച്ച ചരിത്ര താളുകളെ വിധി എന്ന രണ്ടക്ഷരം എന്നെ കൊണ്ട് മറിപ്പിക്കുമ്പോള്‍ എനിക്ക് പോകേണ്ടി വന്നത് കണ്ടെത്തേണ്ട കേസ് ഫയലുകളിലേക്ക് മാത്രം ആയിരുന്നില്ല,മറിച്ച് സഹസ്രാബ്ദങ്ങള്‍ക്കും അപ്പുറം ആയിരുന്നു. അവിടെ മനുഷ്യ സംസ്കൃതിയുടെ അടയാളാങ്ങളായി കാലം രേഖപ്പെടുത്തിയ ഒരു സംഘകാല ചുരുള്‍ നിവരുന്നത് ഞാന്‍ കണ്ടു, അതില്‍ ബന്ധനസ്ഥനായ കണ്ണകനെയും. AD 200 ല്‍ ചേര സാമ്രാജ്യത്തിന്റെ ഇരുണ്ട കോടതി മുറിയില്‍ നിവര്‍ത്തപ്പെട്ട ആ ചുരുള്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന് പിന്നീട് പുകഴ്ത്തപ്പെടുന്ന കേരള നാടിന്റെ നിയമപാലകരുടെ പൂര്‍വ്വികരുടെ അടയാളപ്പെടുത്തല്‍ ആയി മാറുന്നത് ഞാന്‍ കണ്ടു. ചേര രാജാക്കന്മാരുടെ രാജ കോടതിക്ക് മുന്നില്‍ ബന്ധനസ്ഥനായ കണ്ണകനു ചുറ്റും നിന്ന്‍ കുറ്റപത്രം വായിക്കുന്ന നിയമ പാലകരുടെ കഞ്ചുകത്തിന്റെ അതേ പവിത്രത എന്റെ യൂണിഫോമിലും ഞാന്‍ തേടി, ചിലന്തി നൂലുകള്‍ പോലെ പടരുന്ന സിഗരറ്റിന്റെ പുകപടലത്തിനിടയിലൂടെ ചുമരില്‍ അലക്ഷ്യമായി തൂങ്ങിക്കിടക്കുന്ന യൂണിഫോമിനെ കാണുംബോള്‍ മുഴുവന്‍ സേനാംഗങ്ങളോടും ഉറക്കെ ഇങ്ങനെ പറയണം എന്നു തോന്നി,

” നിങ്ങളും അണിഞ്ഞിരിക്കുന്ന യൂണിഫോമിലേക്ക് ഒന്നു നോക്കുക, ഇത് AD 200 മുതല്‍ പേത്രധാരന്‍മാരും, ദ്വാരബാലകന്മാരും , വ്രതിഹാരന്‍മാരും,ദര്‍ശകന്‍മാരും, ഗൂഢ പുരുഷരും അപസര്‍പ്പകരും മാറി മാറി ധരിച്ചു പോന്ന മനുഷ്യ വസ്ത്ര ചരിത്രത്തിന്റെ നിയമപാലക വേഷപ്പകര്‍ച്ചകളില്‍ ഒന്നു മാത്രമാണ് ഇത് , ആര്യന്‍മാര്‍ക്കും, വാസ്കോഡ ഗാമക്കും ശേഷം കേരളത്തെ കാത്തു പോന്ന നിയമപാലകരായ ലേലക്കാരനും , ഉത്തമര്‍ണ്ണനും , കൊട്ടുവാളും,മണിക്കാരന്‍മാരും, തളിയാതിരിമാരും , വിചാരിപ്പുകാരും,തോരക്കാരും, നിയമാഴവന്മാരും, കാലത്തോടൊപ്പം അവരുടെ കഞ്ചുകവും മാറ്റിയിരുന്നു. ഇമ്മിണി തമ്പിയുടെ കാവല്‍ പടയും പിന്നീട് വന്ന ബ്രിട്ടീഷ് പടയും അത് തന്നെ ചെയ്തു., ഇന്നീ ആധുനിക കാലത്ത് അവസാനമായി ഇടം കയ്യില്‍ തുന്നി ചേര്‍ക്കപ്പെട്ട KP ലെറ്റര്‍ പോലെ .. ഇത് ഇനിയും മാറും തീര്‍ച്ച.”

കാലങ്ങള്‍ക്കിപ്പുറം ആധുനിക പോലീസിന്റെ കണ്ണാടിയിലൂടെ വര്‍ഗപരിണാമത്തെ നോക്കി കാണുംബോള്‍ ദേവികുളം പോലീസ് സ്റ്റേഷനിലെ ഈ ജനറല്‍ ഡയറി ചരിത്രത്തിന്റെ ഒരു താള്‍ ആയി മാറുന്നത് അവിശ്വസനീയമായി എനിക്കു തോന്നി. ശിലായുഗ ഗോത്ര സംസ്കൃതികള്‍ക്ക് ശേഷം ഇടുക്കിയുടെ മലനിരകളില്‍ പടര്‍ന്ന് പന്തലിച്ച തോട്ട സംസ്കൃയുടെ അടയാളപ്പെടുത്തല്‍ ആയിരുന്നു ആ ജനറല്‍ ഡയറി. 1892 -ല്‍ തൊടുപുഴ സ്റ്റേഷന്‍ ഉണ്ടാവുന്നതിനും മുന്നേ ദേവികുളത്തിന്റെ തണുത്ത ഇടനാഴികളിലൂടെ കൂര്‍മ്പന്‍ തൊപ്പിയും കാക്കി നിക്കറും ധരിച്ച് കൈയ്യില്‍ മുറുക്കി പിടിച്ച വാളുമായി ട്രാവന്‍ കൂര്‍ പോലീസ് മാര്‍ച്ച് ചെയ്തിരുന്നു. അവരുടെ ശേഷിപ്പുകള്‍ ദേവികുളത്തിന്റെ ചതുപ്പില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ആഴ്ന്നിറങ്ങി കിടപ്പുണ്ട്. ഈ ജനറല്‍ ഡയറിയിലെ മങ്ങിയടര്‍ന്ന താളുകള്‍ക്ക് ദേവികുളത്തിന്റെ തണുത്ത ഇടനാഴികളിലെ ചെളിയുടെ അതേ നിറം, അതേ മണം.

പക്ഷേ ചരിത്രവും അവഗണിച്ചു പോലീസിനെ , അവഗണിക്കപ്പെടുന്നവന്റെ ജാള്യത എന്റെ ഉള്ളില്‍ നിറഞ്ഞു., അങ്ങനെ തോന്നാന്‍ കാരണം എന്റെ കൈയ്യില്‍ ഇരിക്കുന്ന ഈ ജനറല്‍ ഡയറി എഴുതുന്നതിനും മുന്പ് 1912 ജൂലൈ 2 ല്‍ ദേവികുളത്തേക്ക് സ്ഥലം മാറ്റപ്പെട്ട പീരുമേട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ J ഡാനിയേല്‍ സാര്‍ ഉച്ചക്ക് മുന്പ് ചാര്‍ജ്ജില്‍ ഏറുമ്പോള്‍ എന്റെ മൂന്നു പിന്‍ തലമുറകള്‍ ഉണ്ടായിരുന്നില്ല , ഓര്‍ക്കുക 19-ആം നൂറ്റാണ്ടില്‍ സ്ഥാപിതമായ മോഡേണ്‍ പോലീസിലെ ആദ്യ തിരുവിതാം കൂര്‍ പോലീസ് സൂപ്രണ്ട് Oliver H Bensley സ്ഥാനം ഏറ്റിട്ട് അന്നേക്ക് 31 വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു. .

അകന്നുപോയൊരു ഭാര വാഹനത്തിന്റെ മുരള്‍ച്ചക്കു ശേഷമാണ് ദേവികുളത്തുകാര്‍ ഉറക്കത്തില്‍ ആഴ്ന്നു കഴിഞ്ഞിരുന്നു എന്ന് എനിക്കു മനസിലായത്. ശേഷിക്കുന്ന മുറികളിലെ നിര്‍വ്വികാര നിശബ്ദത വീണ്ടും എന്നെ ആ ജനറല്‍ ഡയറിയില്‍ മുഴുകാന്‍ പ്രേരിപ്പിച്ചു. വീണ്ടുമൊരു സിഗരറ്റിന് തീ കൊടുത്തുകൊണ്ട് അതിലെ അക്ഷരങ്ങളെ ഞാന്‍ ആദ്യന്തം വിഴുങ്ങാന്‍ തുടങ്ങി. ഞാന്‍ ചെന്നെത്തേണ്ട താളുകളിലേക്ക് ഈ രാവിന്റെ ദൂരം ഉണ്ടായിരുന്നു എന്ന്‍ അപ്പോഴും എനിക്കറിയില്ലായിരുന്നു.

രാജ ഭരണ കാലത്ത് വേണാട് സാമ്രാജ്യത്തിന്റെ അധീനതയില്‍ ചെങ്ങമനാട് ദേവസ്വത്തിന്റെ ഭാഗമായിരുന്ന ദേവികുളത്ത് ഇന്നുള്ള പോലീസ് സ്റ്റേഷന്റെ അന്ധകാരയുഗം അവസാനിക്കുന്നത് 1904 ല്‍ കേശവ പിള്ള എഴുതി തുടങ്ങിയ ഈ ജനറല്‍ ഡയറിക്കു ശേഷമാണ്. അനന്തമായി നീളുന്ന ദേവികുളം പോലീസ് സ്റ്റേഷന്റെ പിറവി രഹസ്യം രേഖപ്പെടുത്തിയ കടലാസു തുണ്ടുകളെ ഇനി ഒരിയ്ക്കലും വീണ്ടെടുക്കാന്‍ ആവാത്ത വിധം 1904 മുന്നേ നമ്മള്‍ നഷ്ടപ്പെടുത്തി കളഞ്ഞു. കാരണം മറ്റൊന്നുമല്ല ആധുനിക മനുഷ്യന്റെ അടങ്ങാത്ത ത്വര, അവിടെ നമുക്ക് നഷ്ടപ്പെട്ടത് ഇടുക്കിയുടെ നിയമപാലകരുടെ പൈതൃകത്തിന്റെ ശേഷിപ്പുകള്‍ ആയിരുന്നു. വരും തലമുറക്ക് വെളിച്ചം ആവേണ്ടിയിരുന്ന താളിയോലകള്‍. നഷ്ടപ്പെടുത്തിയതും നമ്മള്‍ തന്നെ നമ്മള്‍ മനുഷ്യര്‍. സ്റ്റേഷന്റെ ഉള്ളറകളില്‍ നിന്നും ഞാന്‍ ശേഖരിച്ച പുസ്തകങ്ങളും ജനറല്‍ ഡയറികളും തണുപ്പ് വീഴുന്ന ദേവികുളത്തിന്റെ ഇരുട്ടില്‍ ഓരോ കാലഘട്ടത്തിലെയും പകലിനെ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു.

1904ല്‍ തിരുവിതാംകൂര്‍ ദിവാന്‍ ആയിരുന്ന വി.പി മാധവറാവോയുടെ കാലത്ത് പ്രധാനമായും മൂന്നു പോലീസ് ഡിവിഷനുകള്‍ ആയിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. അതില്‍ കോട്ടയം ഡിവിഷന്റെ കീഴില്‍ ഉണ്ടായിരുന്ന പതിമൂന്നു സ്റ്റേഷനുകളില്‍ ഒന്നായിരുന്നു ദേവികുളം പോലീസ് സ്റ്റേഷന്‍, ഇടുക്കി ജില്ല രൂപപ്പെടും മുമ്പെ ജില്ലയുടെ പകുതിയിലധികവും അധികാര പരിധിയില്‍ ഉണ്ടായിരുന്ന ദേവികുളത്തിന്റെ അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ ഗോമതിനാഗം പിള്ളയും. ആന്ത്രപ്പേറിന്റെ കാലടികള്‍ പതിഞ്ഞ ആനക്കുളത്ത് 1915 ഓട് കൂടി ദേവികുളത്തിന്റെ നിയന്ത്രണത്തില്‍ പുതിയ ഔട്ട് പോസ്റ്റ് തുടങ്ങുന്നു, പിന്നേയും അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം 1920 ല്‍ സര്‍വ്വെ നമ്പര്‍ 62/2 ല്‍ ഉള്ള ശാന്തന്‍പാറ താവളത്തിലെ 30 സെന്റ് സ്ഥലം ശാന്തന്‍പാറ ഔട്ട് പോസ്റ്റ് പണിയാന്‍ ഏറ്റെടുത്തത് ഒരു തുടക്കം ആയിരുന്നു, ആറു കോണ്‍സ്റ്റബിളിനെ വച്ച് തുടക്കമിട്ട ശാന്തന്‍പാറ ഔട്ട് പോസ്റ്റ് കാലപരിണാമത്തില്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനായി ഉയര്‍ത്തപ്പെടുകയും 98 വര്‍ഷങ്ങള്‍ക്ക് ശേഷം ദേവികുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ അധികാര പരിധിയില്‍ നിന്ന് സ്വതന്ത്രമാവുകയും ചെയ്തു.

ഗ്ലാസ് ജനാലയിലെ വിള്ളലുകളിലൂടെ വീശിയടിച്ച കാറ്റില്‍ പൊടി പടര്‍ന്ന ഒരു കടലാസു കഷണം മേശയില്‍ നിന്നും താഴെ വീഴാതിരിക്കാന്‍ കരതലം അമര്‍ത്തൂമ്പോള്‍ അതിലെ അച്ചടി വാക്കുകള്‍ എന്റെ ശ്രദ്ധ ആകര്‍ഷിച്ചു. 1921 ല്‍ ദേവികുളം സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്യപ്പെട്ട ഭാവന ഭേദന കേസില്‍ പ്രശംസഹനീയമായ ജോലി നടത്തിയതിന് ഒന്നാം ഗ്രേഡ് ഹെഡ് കോണ്‍സ്റ്റബിള്‍മാരായ രാമ സ്വാമി അയ്യര്‍ക്കും, രാമക്കുറുപ്പിനും ബ്രിട്ടീഷ് രൂപ പത്തും രണ്ടാം ക്ലാസ് കോണ്‍സ്റ്റബിള്‍മാരായ ശിവരാമ കുറുപ്പിനും ബാലകൃഷ്ണ പിള്ളക്കും അഞ്ചു രൂപാ വീതവും തിരുവിതാംകൂറിന്റെ ആദ്യ കമ്മീഷണര്‍ സാക്ഷാല്‍ വില്ല്യം H പിറ്റ് അവര്‍കള്‍ നല്‍കിയതിന്റെ സാക്ഷ്യ പത്രം ആയിരുന്നു അത്. അതേ വര്‍ഷം മലബാര്‍ പോലീസ് സൂപ്രണ്ട് ആയിരുന്ന മിസ്റ്റര്‍ ഹിച്ച് കോക്കിന്റെ തലയില്‍ മലബാര്‍ സ്പെഷ്യല്‍ പോലീസ് (MSP) എന്ന ആശയം വിരിയുന്നതിനും മുന്നേ ദേവികുളം പോലീസ് ചരിത്രത്തില്‍ അടയാളപ്പെടുന്നത് എങ്ങനെ എന്നുള്ളതിന്റെ ജീവിക്കുന്ന തെളിവുകളില്‍ ഒന്ന്.

1922 ല്‍ ജൂലൈ 15 ആം തീയതി മുതല്‍ പൂപ്പാറയുടെ പകുതിയും ആനയിറങ്കല്‍ എസ്റ്റേറ്റും ബോഡിമെട്ടും മതികെട്ടാനും മഞ്ഞപ്പാറയും വെട്ടുവന്‍ പാറയും ദേവികുളത്തിന്റെ അധികാര പരിധിയോടു കൂട്ടി ചേര്‍ക്കുന്നു.1934 ല്‍ പള്ളിവാസലില്‍ ഒരു ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ തുടങ്ങുംബോള്‍ അതിന്റെ അതിരുകളില്‍ ഒന്ന് പശ്ചിമ ദിക്കിലെ തൊടുപുഴ ആയിരുന്നു, സ്വാതന്ത്ര്യം കിട്ടി അന്‍പത്തി മൂന്നു ദിവസങ്ങള്‍ക്ക് ശേഷം 1947 സെപ്റ്റംബര്‍ 23 നു വട്ടവട പകുതിയില്‍ ഒരു പ്രിവന്‍റീവ് സ്റ്റേഷന്‍ തുറക്കുമ്പോള്‍ അന്നത്തെ കേരളാ പോലീസിന്റെ അംഗ സംഗ്യ 3626 മാത്രം, ഇന്ന് ഇതില്‍ കൂടുതല്‍ അംഗ സംഗ്യ ഇടുക്കി ജില്ലാ പോലീസിന് മാത്രമുണ്ട്. 1996ല്‍ ദേവികുളം പോലീസ് സ്റ്റേഷന്റെ അരികിലെ ഇടുങ്ങിയ മുറിയില്‍ നിന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ മുറി സ്റ്റേഷനു സമീപത്തായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഫോറസ്റ്റിന്റെ തൊണ്ടി മുറിയിലേക്ക് മാറ്റപ്പെട്ടു.
2006 ല്‍ ആറുമുറികളും നീളന്‍ നടുത്തളവുമായി പുതിയ ദേവികുളം സ്റ്റേഷന്‍ പിറവി എടുത്തു, 2008 ല്‍ ദേവികുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കാര്യാലയവും. ഇതിന് നടുവില്‍ തിങ്ങി ഞെരുങ്ങി ശ്വാസം കിട്ടാതെ പഴയ സ്റ്റേഷന്‍ ഇപ്പൊഴും നിലകൊള്ളുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ പിന്നീട് ചേര്‍ക്കപ്പെട്ട ഇവ രണ്ടും ആ ചരിത്ര സ്മാരകത്തിന് ഒട്ടും ഇണങ്ങുന്നതായി എനിക്കു തോന്നിയില്ല, പ്രകൃതിക്ക് ഇണങ്ങാത്ത മനുഷ്യനെ പോലെ തന്നെ ആധുനിക സൃഷ്ടികളും ചരിത്രത്തിന് ചേരാതെ നിലകൊള്ളുന്നു.

ഞാന്‍ ആ ചരിത്ര രേഖകളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ ദേവികുളം സ്റ്റേഷനിലെ ബെന്നി സാര്‍ ക്രൈം ട്രാക്കിംഗ് നെറ്റ്വര്‍ക്ക് ഓപ്പണ്‍ ചെയ്ത് ഡിസ്പ്ലേയിലെ വലതുവശം ദീര്‍ഘ ചതുരത്തില്‍ ഇങ്ങനെ എഴുതി , ‘1 AM: Cpo 3847 posted as station security guard and releived Cpo 3450.’ ഞാന്‍ കേശവ പിള്ളയുടെ ജനറല്‍ ഡയറിയുടെ അടുത്ത താള്‍ മറിച്ചു, അതിലും അങ്ങനെ തന്നെ എഴുതിയിരിക്കുന്നു. ‘1AM: പാറാവ് മാറ്റി PC 234 നേ നിയമിച്ചു. തവണ PC ഹാജര്‍.’ ഇതേ സ്റ്റേഷനില്‍ രണ്ടു കാലങ്ങളില്‍ ഇരുന്ന് ഒരേ പ്രവൃത്തിയെ കുറിച്ച രണ്ടു വാചകങ്ങള്‍, അന്ന് കേശവ പിള്ള എഴുതിയ വാക്കുകള്‍ ഇന്നീ കമ്പ്യൂട്ടര്‍ ഡിസ്പ്ലേയിലേക്ക് ചുരുങ്ങി എങ്കിലും കേശവ പിള്ളയുടെ പെന്‍സിലിന് ഇതേ കംപ്യൂട്ടറിന്റെ വില തന്നെ ഉണ്ടായിരുന്നിരിക്കണം തീര്‍ച്ച.

ഒടുവില്‍ ഞാന്‍ തേടിയ താളുകള്‍ എന്റെ മുന്നില്‍ തുറന്നു. താന്‍ കുറിച്ചിട്ട വാക്കുകള്‍ ഒരു വര്‍ഗ്ഗത്തിന്റെ പരിണാമത്തെ രേഖപ്പെടുത്തും എന്ന്‍ അന്നേ കേശവ പിള്ളയ്ക്കു തോന്നിയിരിക്കാം, അതാവാം ആ താളുകളിലെ മങ്ങി അടര്‍ന്ന വാക്കുകള്‍ ഇപ്പൊഴും വിറപൂണ്ട് കിടക്കുന്നത്.
പ്രഥമ തിരുവിതാംകൂര്‍ പോലീസ് സൂപ്രണ്ട് O H ബെന്‍സിലി 1904 മാര്‍ച്ച് മാസം ചെങ്ങന്നൂര്‍ ഇന്‍സ്പെക്ടര്‍ വേലുപ്പിള്ളക്കും കുന്നത്തുനാട് ഇന്‍സ്പെക്ടര്‍ സീതാരാമയ്യനും ലീവ് അനുവദിച്ച സമയത്ത് ദേവികുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗോമതിനായകത്തിനും 20 ദിവസത്തെ അവധി കൊടുക്കാന്‍ തോന്നിയത് ഒരു നിയോഗം ആയിരിക്കാം,അല്ലായെങ്കില്‍ 216-ആം നമ്പര്‍ സീനിയര്‍ ഹെഡ് കോണ്‍സ്റ്റബിള്‍ കേശവ പിള്ള ചാര്‍ജ്ജിലിരിക്കാനും മൂന്നാര്‍ എല്ലപ്പെട്ടി തോട്ടത്തില്‍ നിന്നും മോഷണം പോയ മൂവായിരത്തി മുപ്പത്തഞ്ച് രൂപയുടെ ക്രൈം കേസ് ആ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ആയിരത്തി എണ്‍പത്തൊന്നു കേസുകളില്‍ ഒന്നായി രേഖപ്പെടുത്താനും അത് ദേവികുളം സ്റ്റേഷന്റെ പിന്നാംബുറങ്ങളിലേക്കുള്ള എന്‍റെ യാത്രയുടെ ആദ്യ വെളിച്ചം ആവാനും കഴിയില്ലല്ലോ.

ഞാന്‍ എന്റെ കൈവെള്ളയിലേക്ക് ഒന്നു നോക്കി. വര്‍ഷങ്ങള്‍ക്ക് മുന്നേ ഞാന്‍ കുറിച്ചിട്ട ‘TA 1064028’ എന്ന നമ്പര്‍ അപ്പോഴും മാഞ്ഞു തുടങ്ങിയിരുന്നില്ല. അത് നൂറ്റി പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂന്നാര്‍ എല്ലപ്പെട്ടി എസ്റ്റേറ്റില്‍ നിന്നും മോഷണം പോയ മൂവായിരത്തി മുപ്പത്തഞ്ചു രൂപയിലെ ഒരു അഞ്ചു രൂപയുടെ സീരിയല്‍ നമ്പര്‍ ആയിരുന്നു. കാലം അവശേഷിപ്പിച്ചു പോയ ചരിത്രത്തിന്റെ തെളിവ്.

ഇടുക്കി ജില്ലയിലെ ഓരോ പോലീസുകാരനും ഒരു രൂപയുടെ കടക്കാരന്‍ ആണ്, ഇനി ഒരിയ്ക്കലും വീട്ടാന്‍ ആവാത്ത വിധം മൂല്യമുള്ള ഒരു രൂപയുടെ കടക്കാര്‍., 1907 ല്‍ പീരുമേട് പോലീസ് സ്റ്റേഷന് വേണ്ടി ഒരു കിണര്‍ കുഴിപ്പിച്ച വകയില്‍ കോണ്ട്രാക്റ്റര്‍ എം വെളുത്ത കുഞ്ഞിന് കൊടുക്കുവാനുള്ള ഒരു രൂപയുടെ കടം ഇനി ആരാല്‍ കൊടുത്തു തീര്‍ക്കാന്‍ കഴിയും . പതിറ്റാണ്ടുകള്‍ക്ക് മുന്പ് കടം കൊണ്ട ആ ചില്ലി കാശ് ഇന്ന് ചരിത്രത്തെ അടയാളപെടുത്തുന്ന ചെങ്കീസ്ഖാന്‍ നിധി പോലെ വിസ്മൃതിയില്‍ ആണ്ടു കിടക്കുന്നു. മോഷണം പോയ അഞ്ചു രൂപ തിരികെ കിട്ടിയാല്‍ ആ കടം വീട്ടണമെന്ന് പണ്ടേ ഞാന്‍ മനസിലുറപ്പിച്ചതാണ് ..

ഈ യാത്രയില്‍ ഉടനീളം കിട്ടിയവ ഓരോന്നും ഞാന്‍ കുറിച്ചു വച്ചു, ഒടുവില്‍ അവയെല്ലാം കൂട്ടിച്ചേര്‍ത്തു അമലുവിന് കൊടുത്തു. കാരണം അവള്‍ ആയിരുന്നല്ലോ എന്നോട് അവസാനം കൂടിച്ചേര്‍ന്നത്.
വാമഭാഗം വായന മുഴുമിച്ച് പറഞ്ഞു….” ഇത് അവസാനിപ്പിക്കരുത്,നാളെ മറ്റെന്തെങ്കിലും കൂടി ചേര്‍ക്കണമെന്ന് വന്നാലോ..”

അതുകൊണ്ട് ഇത് ഞാന്‍ അവസാനിപ്പിക്കുന്നില്ല, അവസാന താളുകള്‍ ബാക്കി വയ്ക്കുന്നു.ആര്‍ക്ക് വേണമെങ്കിലും കൂട്ടിച്ചേര്‍ക്കാം……

അല്ലെങ്കിലും ഒന്നിനും ഞാന്‍ പൂര്‍ണ വിരാമം നല്‍കിയിട്ടില്ല ,…..നല്‍കുകയുമില്ല.

നന്ദി.

Leave a Reply

Your email address will not be published. Required fields are marked *