മായം കലര്‍ന്ന പാല്‍ കേരളത്തിലേക്കെത്തുന്നത് തടയാനായി ചെക്ക്‌പോസ്റ്റില്‍ പാല്‍ പരിശോധന

Share this News for your Friends

പാല്‍ പരിശോധന: കുമളിയില്‍ പ്രത്യേക ലാബ് നാളെ (5) ആരംഭിക്കും

ഓണക്കാലത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മായം കലര്‍ന്ന പാല്‍ കേരളത്തിലേക്കെത്തുന്നത് തടയാനായി ക്ഷീരവികസന വകുപ്പ് കുമളി ചെക്ക്‌പോസ്റ്റില്‍ പാല്‍ പരിശോധന നാളെ (5) ആരംഭിക്കും. ഇതിന്റെ ഉദ്ഘാടനം രാവിലെ 10ന് ഇ.എസ്. ബിജിമോള്‍ എം.എല്‍.എ നിര്‍വ്വഹിക്കും. സെപ്തംബര്‍ 10 വരെ  ഈ ലാബ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ പാല്‍ വില്‍പ്പന നടക്കുന്നത് ഓണനാളുകളിലാണ്. തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി കടന്ന് മായംകലര്‍ന്ന പാല്‍ കൂടുതലായി ഒഴുകുന്നതും ഈ ദിവസങ്ങളിലാണ്. ദിവസേന എട്ടോളം ടാങ്കര്‍ ലോറികള്‍ പാലുമായി ഇതുവഴി കടന്നുവരുന്നുണ്ട്. കൂടാതെ പായ്ക്കറ്റ് പാലും അതിര്‍ത്തി കടന്നെത്തുന്നുണ്ട്. ഓണക്കാലത്ത് 51 ടാങ്കറുകളിലായി 6,71,996 ലിറ്റര്‍ പാല്‍ കുമളി ചെക്ക്‌പോസ്റ്റുവഴി സംസ്ഥാനത്തേക്കെത്തി.


മായം എങ്ങിനെ…..

പാലില്‍ സാധാരണയായി മൂന്ന് തരത്തിലുള്ള മായങ്ങളാണ് ചേര്‍ക്കുന്നത്. പാല്‍ കേടാകാതിരിക്കാന്‍ ബോറിക് ആസിഡ് ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സോയിക് ആസിഡ്, സാലിസിലിക് ആസിഡ്, ഹ്രൈഡജന്‍ പെറോക്‌സൈഡ് തുടങ്ങിയ പ്രിസര്‍വേറ്റീവുകളും പാലിന്റെ അമ്ലത കുറയ്ക്കാന്‍ സോഡിയം ബൈ കാര്‍ബണേറ്റ്, സോഡിയം കാര്‍ബണേറ്റ്, സോഡിയം ഹൈഡ്രോക്‌സൈഡ് തുടങ്ങിയ ന്യൂട്രലൈസറുകളും ചേര്‍ക്കുന്നു. കൂടാതെ ഇതരമായങ്ങള്‍ ആയി യൂറിയ, ഡിറ്റര്‍ജന്റുകള്‍, തേങ്ങാവെള്ളം, അമോണിയം സള്‍ഫേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, ഉപ്പ്, പാല്‍പ്പൊടി, സ്റ്റാര്‍ച്ച്, സെല്ലുലോസ്, ജെലാറ്റിന്‍, പഞ്ചസാര തുടങ്ങിയവയും ചേര്‍ക്കുന്നു.

ഫാമുകളില്‍ കൂടുതല്‍ ശ്രദ്ധ വേണം

വൈക്കോലില്‍ നിന്നും കാലിത്തീറ്റയില്‍ നിന്നും പശുവിന്റെ ഉള്ളിലെത്തുന്ന കീടനാശിനി പാലിലും കലരുന്നത് സ്വാഭാവികം. വന്‍കിട ഫാമുകളില്‍ പശുക്കളുടെ ദേഹത്ത് ഈച്ചകളും പ്രാണികളും വന്നിരിക്കാതിരിക്കാന്‍ പശുവിനെ കഴുകുന്ന വെള്ളത്തില്‍ കീടനാശിനി തളിക്കുന്നുണ്ട്. ടാങ്കര്‍ ലോറികളില്‍ ഏറെ ദൂരം കൊണ്ടുപോകുമ്പോള്‍ കേടാകാതിരിക്കാന്‍ വേണ്ടി പാലില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നു. ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് ഇടയാക്കുന്നതാണ് ഫോര്‍മാലിന്‍. ഡയറി പ്ലാന്റില്‍ പാല്‍ സംസ്‌കരണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങല്‍ സോഡിയം ഹൈഡ്രോക്‌സൈഡ് ഉപയോഗിച്ച് കഴുകുന്ന പതിവുണ്ട്. ഇങ്ങനെ കഴുകിയതിന് ശേഷം പച്ചവെള്ളവും ചൂടുവെള്ളവും കൊണ്ടു കഴുകി ഉണക്കണം. ഇതു വൃത്തിയായിട്ടല്ല ചെയ്യുന്നതെങ്കില്‍ പാലില്‍ കാസ്റ്റിക് സോഡ കലരാം. പാല്‍ പിരിയാതിരിക്കാന്‍ ചേര്‍ക്കുന്ന സോഡാക്കാരത്തിന്റെ അമിതോപയോഗം വയറിളക്കം, അള്‍സര്‍ എന്നിവയുണ്ടാക്കാം. രോഗചികിത്സയ്ക്കായി പശുക്കള്‍ക്ക് നല്‍കുന്ന സള്‍ഫാഡിമിഡിന്‍ എന്ന ആന്റിബയോട്ടിക് പാലിലൂടെ പുറത്തെത്തുന്നു. മനുഷ്യശരീരത്തില്‍ എത്തുന്ന ആന്റിബയോട്ടിക്കിനെതിരെ നമ്മുടെ ബാക്ടീരിയകള്‍ പ്രതിരോധശേഷി നേടുന്നു. ഫലമോ രോഗം വരുമ്പോള്‍ ആന്റിബയോട്ടിക് കഴിച്ചാലും ഫലമില്ലാതെയാവുന്നു.

കുറ്റം തെളിഞ്ഞാല്‍ തടവും പിഴയും

കുമളി ചെക്ക് പോസ്റ്റില്‍ സജ്ജീകരിക്കുന്ന താല്‍ക്കാലിക ലാബില്‍ മേല്‍ പറഞ്ഞ ന്യൂട്രലൈസറുകള്‍, പ്രിസര്‍വേറ്റീവുകള്‍, ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയവയുടെ സാന്നിധ്യം പരിശോധിക്കും. അതിര്‍ത്തി കടന്നു വരുന്ന പാലില്‍ മായം കലര്‍ത്തിയതായി കണ്ടെത്തിയാല്‍ വാഹനം ഉള്‍പ്പെടെ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറും. കുറ്റക്കാര്‍ക്ക് 10 ലക്ഷം രൂപവരെ പിഴയും ജീവപര്യന്തം വരെ തടവും ശിക്ഷ ലഭിക്കാം.
ക്ഷീരവികസന വകുപ്പ് ഇടുക്കി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ജിജ സി കൃഷ്ണന്‍, ജില്ലാ ഗുണ നിയന്ത്രണ ഓഫീസര്‍ ബെറ്റി ജോഷ്വാ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ക്ക് മേല്‍നോട്ടം വഹിക്കും. ഇടുക്കി ജില്ലയിലെ  ഉദ്യോഗസ്ഥര്‍ക്ക് പുറമെ കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുംള്ള ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *