കാത്തിരുന്നത് 57 വര്‍ഷം. 74-ാമത്തെ വയസിൽ മങ്കയമ്മ ഇരട്ടക്കുട്ടികളുടെ അമ്മയായി

Share this News for your Friends

ലോകത്തിലെ തന്നെ ഏറ്റവും പ്രായംകൂടിയ അമ്മയെന്ന പദവിയും ഇനി മങ്കയമ്മയ്ക്ക്

അമ്മയായതിന്റെ ഇരട്ടിമധുരം നുകരാന്‍ ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ സ്വദേശി എരമാട്ടി മങ്കയമ്മ കാത്തിരുന്നത് 57 വര്‍ഷം. 74-ാമത്തെ വയസിലാണ് മങ്കയമ്മ ഇരട്ടക്കുട്ടികളുടെ അമ്മയായത്. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും പ്രായംകൂടിയ അമ്മയെന്ന പദവിയും ഇനി മങ്കയമ്മയ്ക്ക് സ്വന്തം. 2016ല്‍ 70-ാം വയസില്‍ അമ്മയായ പഞ്ചാബ് സ്വദേശി ദല്‍ജിന്ദേര്‍ കൗര്‍ ആയിരുന്നു ഇക്കാര്യത്തിലെ മുന്‍ റെക്കാഡുകാരി.

ഐ.വി.എഫ് ചികിത്സയിലൂടെയാണ് മങ്കയമ്മയ്ക്കും ഭര്‍ത്താവായ എണ്‍പതുകാരന്‍ ഇ.രാജ റാവുവിനും കുട്ടികളുണ്ടായത്. കോതാപേട്ടിലുള്ള അതുല്യ നഴ്‌സിംഗ് ഹോമില്‍ വച്ചാണ് നാലു ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ശസ്ത്രക്രിയയിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തത്.


അമ്മയും മക്കളും സുഖമായിരിക്കുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. സനകയ്യാല ഉമാശങ്കര്‍ പറഞ്ഞു. തന്റെ അയല്‍ക്കാരി 55ാം വയസില്‍ ഐ.വി.എഫ് ചികിത്സയിലൂടെ ഗര്‍ഭധാരണം നടത്തിയത് അറിഞ്ഞതോടെയാണ് മങ്കമ്മയും ആശുപത്രിയില്‍ എത്തിയത്. 25 വര്‍ഷം മുമ്ബ് ആര്‍ത്തവവിരാമം സംഭവിച്ചിരുന്നുവെങ്കിലും മങ്കമ്മ തോറ്റ് മടങ്ങാന്‍ തയ്യാറായിരുന്നില്ല.


പൂര്‍ണ ആരോഗ്യവതിയായിരുന്നതിനാല്‍ ഗര്‍ഭധാരണത്തിന് മറ്റ് തടസങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഐ.വി.എഫിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ മങ്കയമ്മ ഗര്‍ഭം ധരിച്ചുവെന്നും ആരോഗ്യനില സ്ഥിരമായി നിരീക്ഷിക്കാന്‍ മൂന്നു ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിരുന്നെന്നും ഡോ. ഉമാശങ്കര്‍ പറഞ്ഞു. മങ്കയമ്മയുടെ പ്രായം കണക്കിലെടുത്താണ് സിസേറിയന്‍ നടത്തിയതെന്നും ഉമാശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഗര്‍ഭധാരണത്തിന്റെ എട്ടാം മാസത്തില്‍ നടത്തുന്ന ആചാരമായ സീമന്തം നടത്തണമെന്ന് ഇരുവരും ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും കുറച്ച്‌ നാള്‍ കാത്തിരിക്കാന്‍ ഡോക‌്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഒടുവില്‍ പ്രസവത്തിന്റെ ഏതാനും മണിക്കൂറുകള്‍ക്കു മുമ്ബ് ആശുപത്രി ജീവനക്കാരും ബന്ധുക്കളും ചേര്‍ന്ന് മങ്കയമ്മയ്ക്കും ഭര്‍ത്താവിനുമൊപ്പം സീമന്തം ആഘോഷിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *