നാടുകാണിമല- കുരിശ്‌ കയ്യേറ്റം വിവാദമായി. വിശ്വഹിന്ദു പരിഷത്ത് സ്ഥാപിച്ച ശൂലം പൊലീസ് മാറ്റി.

Share this News for your Friends

പ്രത്യേക ലേഖകൻ

ഇടുക്കി: ട്രെക്കിംഗ് പോയിൻ്റ് ആയ പൊൻമുടി നാടുകാണിമലയിലെ കുരിശ്‌ കയ്യേറ്റം വീണ്ടും വിവാദമാകുന്നു. വിശ്വഹിന്ദു പരിഷത്ത് കുരിശിന് സമീപത്ത് സ്ഥാപിച്ച ശൂലം പൊലീസ് എടുത്തുമാറ്റി. ‘ നാടുകാണി ഹൈന്ദവ സംരക്ഷണ സമതി ‘ രൂപീകരിച്ച് പ്രതിഷേധത്തിനൊരുങ്ങി ഹിന്ദു സംഘടനകള്‍. കെ. എസ്. ഇ. ബിയുടെ ഭൂമി കയ്യേറിയാണ് അനധികൃത നിര്‍മ്മാണം നടത്തിയിരിക്കുന്നതെന്ന് കൊന്നത്തടി വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്.

പഞ്ചായത്തിൻ്റെയും, വില്ലേജിൻ്റെയും അനുമതിയില്ലാതെ നടത്തുന്ന നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് റവന്യൂവകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ചുകൊണ്ട് തുടരുന്ന നിർമ്മാണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്.

ഇതേത്തുടർന്ന്, കോടികള്‍ വിലമതിക്കുന്ന സ്ഥലത്തെ കയ്യേറ്റം ഒഴുപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി. എന്നാല്‍ ഇതിനുശേഷവും നടപടി ഉണ്ടായില്ല. ഇതേത്തുടർന്ന് അധികൃതരുടെ നിഷേധാൽമക നിലപാടുകളിൽ പ്രതിഷേധിച്ച് ഒരുസംഘം ആളുകൾ കഴിഞ്ഞ ദിവസം കപ്പേളയുടെ സമീപം ശൂലം സ്ഥാപിക്കുകയുണ്ടായി.

ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസും, വില്ലേജ് അധികൃതരും ചേർന്ന് ഇത് നീക്കം ചെയ്തു. തുടർന്നാണ് വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള ഹൈന്ദവ സംഘടനകള്‍ നാടുകാണി ഹൈന്ദവ സംരക്ഷണ സമതി രൂപീകരിച്ച് പ്രതിഷേധത്തിനൊരുങ്ങുന്നത്.

വൈദ്യുത മന്ത്രിയുടെയും, വന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെയും അനുവാദത്തോടെയാണ് കയ്യേറ്റമെന്നാണ് പ്രക്ഷോഭസമതി നേതാക്കള്‍ ആരോപിക്കുന്നത്. നിർമ്മാണത്തിനെതിരെ സ്റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ടെന്നും, കയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *