പതിനഞ്ചോളം ആനകളെ വേട്ടയാടി കൊമ്പുകള്‍ വിറ്റ ഇടുക്കിക്കാരൻ അറസ്റ്റിൽ

Share this News for your Friends

പ്രത്യേക ലേഖകൻ
തമിഴ്നാട്ടിലും കേരളത്തിലുമായി പതിനഞ്ചോളം ആനകളെ വേട്ടയാടി കൊമ്പുകള്‍ വിൽപ്പന നടത്തിയ സംഘത്തിലെ സൂത്രധാരനായ മലയാളിയെ തമിഴ്നാട് വനപാലകര്‍ പിടികൂടി. ഉടുമ്പന്‍ചോല മന്തിപ്പാറ കൊച്ചേരിമരുതിക്കുന്നേല്‍ ബാബു ജോസിനെ (ചെട്ടിയാര്‍ ബാബു – 40) ആണ് മേട്ടുപ്പാളയം ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ്. സെല്‍വരാജും സംഘവും ചേന്ന് പിടികൂടിയത്.

മൂന്നര വർഷമായി ഇയാൾ ഒളിവിലായിരുന്നു. 2011 മുതല്‍ 2015 വരെ തേനി വരശനാട്, മേട്ടുപ്പാളയം, ശിരുമുഖ, കോത്തഗിരി, ഇടുക്കി ജില്ലയിലെ വള്ളക്കടവ് തുടങ്ങി വിവിധ ഫോറസ്റ്റ് റേഞ്ചുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ നിന്നായി പതിനഞ്ച് ആനകളെ കൊന്ന കേസുകള്‍ ഇയാള്‍ക്കെതിരേ നിലവിലുണ്ട്. വേട്ടയാടാനുള്ള സ്ഥലങ്ങളില്‍ ആളുകളെ എത്തിച്ചിരുന്നതും, അവര്‍ക്ക് ആവശ്യമുള്ള ആയുധങ്ങളും ഭക്ഷണവും എത്തിച്ചുനല്‍കിയിരുന്നതും ബാബു ജോസ് ആണ്.

2011 ല്‍ തേനി സ്വദേശിയായ കുബേന്ദ്രനെ (42) സമീപിച്ച് ആനയെ വേട്ടയാടിത്തരണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. കുബേന്ദ്രൻ മുഖാന്തിരം നായാട്ടില്‍ വിദഗ്ധ നായ ശിങ്കത്തെ (45) പരിചയപ്പെട്ട് അടുപ്പത്തിലായി. മേട്ടുപ്പാളയത്തും ശിരുമുഖയിലും നിരവധി കൊമ്പനാനകള്‍ ഉള്ളതായി പത്രവാര്‍ത്തകളിലൂടെ മനസിലാക്കിയ ബാബു ജോസ് 2011 ല്‍ സ്വന്തം കാറില്‍ ഇരുവരെയും ഊട്ടി റോഡിലെ കല്ലാറില്‍ എത്തിച്ചാണ് ആനവേട്ടയ്ക്ക് തുടക്കമിട്ടത്.

പിന്നീട് രണ്ട് തവണകൂടി വേട്ടയാടുവാൻ കുബേന്ദ്രനെയും ശിങ്കത്തെയും മേട്ടുപ്പാളയം റേഞ്ചിൽ എത്തിച്ചു. തുടര്‍ന്ന് ശിരുമുഖ റേഞ്ചില്‍ ഒരാനയെക്കൂടി കൊന്ന് കൊമ്പുകളെടുത്തു. സംഘത്തിൻ്റെ പങ്ക് വനപാലകർ തിരിച്ചറിഞ്ഞ് കേസെടുക്കുകയും, കേരളത്തിൽ എത്തി അന്വേഷണം നടത്തികയും ചെയ്തപ്പോഴാണ് ഒളിവിൽ പോയത്.

Leave a Reply

Your email address will not be published. Required fields are marked *