50 കിലോ കഞ്ചാവു കടത്തിയ കേസിൽ അടിമാലി സ്വദേശികൾക്ക് 15 വര്‍ഷം കഠിനതടവും പിഴയും

Share this News for your Friends

ആന്ധ്രപ്രദേശില്‍ നിന്നു കേരളത്തിലേക്ക് 50 കിലോ കഞ്ചാവു കടത്തിയ രണ്ട് പേര്‍ക്ക് 15 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു.

ഇടുക്കി അടിമാലി സ്വദേശികളായ മൈലാടിയില്‍ അഫ്‌സല്‍(25), അടിമാലി ഇരുമ്പുപാലം കുപ്പശ്ശേരി ധനീഷ് (30) എന്നിവരെയാണ് വടകര എന്‍.ഡി.പി .എസ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷയനുഭവിക്കേണ്ടി വരും.

2018 ഓഗസ്റ്റ് മൂന്നിനായിരുന്നു മുക്കം പോലിസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് മുക്കം-അരീക്കോട് സംസ്ഥാന പാതയില്‍ ഓടത്തെരുവില്‍ വെച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.

അരീക്കോട് ഭാഗത്ത് നിന്നും സംസ്ഥാനപാതയിലൂടെ മുക്കത്തേക്ക് വരികയായിരുന്ന കാര്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാറിന്റെ ഡിക്കിയില്‍ രണ്ട് പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ജി ജയദേവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി ഡിവൈഎസ്പി പി.ബിജുരാജ്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അശ്വകുമാര്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ മുക്കം എസ്‌ഐ കെ പി അഭിലാഷ്, അഡീഷണല്‍ എസ്‌ഐ ഇ.ടി.ഹമീദ്, ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ രാജീവ് ബാബു, ഷിബില്‍ ജോസഫ്, ഷെഫീഖ് നീലിയാനിക്കല്‍, മുക്കം എഎസ്‌ഐ ജയമോദ്, ജയപ്രകാശ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സലീം മുട്ടത്ത്, സിപിഒമാരായ ശ്രീജേഷ്, കാസിം, അനൂപ്, ഷിബിന്‍, അഭിലാഷ് കോടഞ്ചേരി, ജിതിന്‍ലാല്‍, ശ്രീകാന്ത്, സൈബര്‍ സെല്‍ എഎസ്‌ഐ സത്യന്‍, ദീപക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ആന്ധ്രാപ്രദേശില്‍ നിന്നാണ് പ്രതികള്‍ കഞ്ചാവ് കടത്തി കൊണ്ടു വന്നത്. കേരളത്തിലെയും കര്‍ണ്ണാടകയിലെ ബൈരക്കുപ്പയിലെയും മൊത്തവിതരണക്കാര്‍ക്ക് കൊണ്ടുവന്ന കഞ്ചാവാണിത്. പിടികൂടിയ കഞ്ചാവിന് ഏതാണ്ട് 35 ലക്ഷത്തോളം വിലവരും.

Leave a Reply

Your email address will not be published. Required fields are marked *