കുട്ടികളുടെ നഗ്‌നചിത്രം പ്രചരിപ്പിക്കുവരെ കണ്ടെത്താന്‍ റെയ്ഡ്; സംസ്ഥാനത്ത് 12 പേര്‍ അറസ്റ്റില്‍

Share this News for your Friends

സൈബര്‍ ലോകത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ തിരയുന്നവരെയും അത് പ്രചരിപ്പിക്കുവരെയും കണ്ടെത്താന്‍ പൊലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടില്‍ 12 പേര്‍ അറസ്റ്റില്‍. 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി 21 സ്ഥലങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. പിടിയിലായവരില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ല.

ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന വിവിധ ഗ്രൂപ്പുകളെയും 126 വ്യക്തികളെയും കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ നടപടി. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുവരെ കണ്ടെത്താന്‍ മൂന്നാം തവണയാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തുന്നത്. വാട്സ് ആപ്, ഫെയ്സ് ബുക്ക്, ടെലഗ്രാം എന്നിവയില്‍ സജീവമായ ഗ്രൂപ്പുകളും അതിലെ അംഗങ്ങളും പൊലീസിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ്.

നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി ബിജു പ്രസാദ്, പുല്ലംപാറ സ്വദേശി മുഹമ്മദ് ഫഹാദ്.എസ് എന്നിവരാണ് തിരുവനന്തപുരത്തു പിടിയിലായത്. പത്തനംതിട്ടയില്‍ വളളിക്കോട് സ്വദേശി ശ്രീജേഷ്, വടശ്ശേരിക്കര സ്വദേശി സുജിത്, എറണാകുളത്ത് അനൂപ്, രാഹുല്‍ ഗോപി, കണ്ണൂരില്‍ മതിപറമ്ബ് സ്വദേശികളായ ജിഷ്ണു.എ, രമിത്.കെ, കരിയാട് സ്വദേശി ലിജേഷ്.ജി.പി എന്നിവരും പാലക്കാട്, മലപ്പുറം ജില്ലകളില്‍നിന്ന് ഒരാള്‍ വീതവും പിടിയിലായി.

പിടിയിലായവരില്‍നിന്ന് മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, മോഡം, ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡുകള്‍, കമ്ബ്യൂട്ടറുകള്‍ എന്നിവയുള്‍പ്പെടെയുളള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്സ് ആപ് ഗ്രൂപ്പുകളും കണ്ടെത്താന്‍ കഴിഞ്ഞു.

എഡിജിപിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാമിന്റെ നിര്‍ദേശപ്രകാരം നടത്തിയ റെയ്ഡില്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ ഇന്‍സ്പെക്ടര്‍ സ്റ്റാര്‍മോന്‍.ആര്‍.പിളളയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ പൊലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പങ്കെടുത്തു. ജില്ലകളില്‍ ജില്ലാ പൊലീസ് മേധാവിമാരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.

വെളളിയാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് രാത്രി വൈകിയാണ് അവസാനിച്ചത്. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരായ പൊലീസ് നടപടികള്‍ക്ക് ഇന്റര്‍പോള്‍ സഹകരണവും പരിശീലനവും നല്‍കിവരുന്നു.

കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ച് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരുടെ വിവരങ്ങള്‍ സൈബര്‍ ഡോമിനേയോ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനേയോ അറിയിക്കാന്‍ പൊലീസ് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *