അഹ്മദ് ശരീഫിന്റെ കഥാസമാഹാരം പുറത്തിറങ്ങി

Share this News for your Friends

ഷാർജ: പ്രമുഖ മാധ്യമപ്രവർത്തകൻ അഹ് മദ് ശരീഫ് പി രചിച്ച് ലിപി പ്രസിദ്ധീകരിച്ച മരണാനന്തരം എന്ന ചെറുകഥാസമാഹാരം കഥാകൃത്ത് ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ് സാമൂഹിക പ്രവർത്തകൻ എ പി അബ്ദുസമദിനു നൽകി പ്രകാശനം ചെയ്തു. 38ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളാ വേദിയിലായിരുന്നു പ്രകാശനം.

ഇന്ത്യയിലെയും ഗൾഫിലെയും പത്രപ്രവർത്തനമേഖലയിലെ ദീർഘനാളത്തെ പ്രവർത്തിപരിചയം അദ്ദേഹത്തിന്റെ രചനകളിൽ പതിഞ്ഞിട്ടുണ്ടെന്ന് ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. മരണത്തോടെ മനുഷ്യർ തമ്മ ൽ വകഭേദങ്ങളില്ലാതാവുന്നു എന്ന് വ്യക്തമാക്കി തരുന്ന കഥയാണ് മരണാനന്തരം. ഒരു സാക്ഷിയുടെ വിലയിരുത്തലുകളോ, മനോവേദനകളോ ആണ് കഥകളിൽ നിഴലിക്കുന്നതെന്നും ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞു.

രാഷ്ട്രീയസ്വഭാവമുള്ളതും മനുഷ്യന്റെ വ്യർഥതകളെ സൂചിപ്പിക്കുന്നതുമായ കഥകളാണ് പുസ്തകത്തിലേതെന്നും കൂടുതൽ രചനകൾ പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തിപരമായ അനുഭവങ്ങളിൽ നിന്നാണ് രചനകൾ ഉരുത്തിരിഞ്ഞതെന്നും തനിക്കു പറയാനുള്ളത് കഥകളിൽ പറഞ്ഞുവച്ചിട്ടുണ്ടെന്നും അഹ് മദ് ശരീഫ് പറഞ്ഞു.

മുതിർന്ന മാധ്യമപ്രവർത്തകരായ കെ കെ മൊയ്തീൻ കോയ, എംസിഎ നാസർ സംസാരിച്ചു. അമ്മാർ കിഴുപറമ്പ് നന്ദി പറഞ്ഞു. അക്ബർ ലിപി, സലാം പാപ്പിനിശ്ശേരി, സുഹൈൽ, മസ്ഹർ മുഹമ്മദ്, ഇസ്മായിൽ മേലടി, പുന്നക്കൻ മുഹമ്മദലി, നിസാർ ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *