ശാന്തൻപാറയിൽ യുവാവിനെ കൊലപ്പെടുത്തി കത്തിച്ച ശേഷം കുഴിച്ചുമൂടി.

Share this News for your Friends

സ്വന്തം പ്രതിനിധി

ഇടുക്കി: ശാന്തൻപാറ പുത്തടിയിൽ യുവാവിനെ കൊലപ്പെടുത്തി കത്തിച്ച ശേഷം കുഴിച്ചുമൂടി. ഭാര്യയെയും, സഹപ്രവർത്തകനെയും, രണ്ടര വയസുള്ള കുട്ടിയെയും കാണാനില്ല. ഒരാഴ്ച്ച മുൻപ് കാണാതായ ഫാമിലെ ജീവനക്കാരൻ പുത്തടി മുല്ലുർ റിജോഷ് (31) ന്റെ മൃതദേഹം ആണ് കഴുതക്കുളംമേട്ടിൽ പ്രവർത്തിക്കുന്ന ഫാം ഹൗസിൻ്റെ സമീപത്ത് നിർമ്മിക്കുന്ന മഴവെള്ള സംഭരണിയോട് ചേർന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

ഇയാളുടെ ഭാര്യ ലിജി (29), രണ്ട് വയസ്സുള്ള മകൾ ജൊവാന, ഫാംഹൗസ് മാനേജർ ഇരിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസിം (31) എന്നിവരെ 4 മുതൽ കാണാനില്ല. ലിജിയും, കാമുകനായ വസിമും ചേർന്ന് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഇരിങ്ങാലക്കുട സ്വദേശിയുടെ വക ഫാംഹൗസിൻ്റെ ഭാഗമായുള്ള ഫാമിലെ ജീവനകാരനാണ് ഒരു വർഷമായി റിജോ. വസിം 4 വർഷമായി ഫാം ഹൗസിൻ്റെ മാനേജരാണ്. ആറ് മാസം മുൻപാണ് ലിജി ഫാമിൽ ജോലിക്ക് ചേർന്നത്. കഴിഞ്ഞ 31 മുതൽ റിജോഷിനെ കാണാനുണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച് 4 ന് ബന്ധുക്കൾ ശാന്തൻപാറ പൊലീസിൽ പരാതി നൽകി. എന്നാൽ ഭർത്താവ് കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നും തന്നെ ഫോണിൽ വിളിച്ചിരുന്നതായാണ് ലിജി പൊലീസിൽ മൊഴി നൽകിയത്. ഇത് പൊലീസിൻ്റെ അന്വേഷണം വഴിതിരിച്ചുവിടാൻ വേണ്ടി ആയിരുന്നു എന്ന് കരുതപ്പെടുന്നു. ഇതിനിടെ റിജോഷ് കൊല്ലപ്പെട്ടതായുള്ള ചർച്ച ഉയരുകയും, ലിജിയും, വസീമും സംശയത്തിൻ്റെ നിഴലിലാകുകയും ചെയ്തു. അന്വേഷണം ഊർജ്ജിതമായതോടെ നാലാം തീയതി ഉച്ചകഴിഞ്ഞ് ഇരുവരും കുട്ടിയുമായി നാടുവിട്ടതായാണ് വിവരം. പിന്നീട് വസീം നെടുങ്കണ്ടത്തെ ഒരു എ. ടി. എമ്മിൽ നിന്നും പണം പിൻവലിച്ചിട്ടുണ്ട്. തുടർന്ന് കുമളി ആനവിലാസത്ത് വച്ച് ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആയി.

2 ന് ഫാംഹൗസിന് നൂറ് മീറ്ററോളം താഴെ, മഴവെള്ള സംഭരണിയോട് ചേർന്ന് ജെ. സി. ബി പണിയെടുത്തിരുന്നുവെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് സമീപവാസിയായ ഓപ്പറേറ്ററെ ചോദ്യം ചെയ്തപ്പോൾ, സംഭരണിയുടെ സമീപത്ത് ഒരു മ്ളാവിൻ്റെ ശരീരാവശിഷ്ടം പാതി മൂടി ഇട്ടിട്ടുണ്ടെന്നും, കുഴിയുടെ ബാക്കി ഭാഗം ജെ. സി. ബി ഉപയോഗിച്ച് മൂടണമെന്ന് വസിം ആവശ്യപ്പെട്ടതുപ്രകാരം താൻ കുഴി പൂർണ്ണമായി മൂടിയെന്നും പൊലീസിനോട് പറഞ്ഞു.

ഈ സൂചനയുടെ അടിസ്ഥാനത്തിൽ ഇന്ന് (വ്യാഴം) രാവിലെ പൊലീസ്, ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിദഗ്ധർ എന്നിവർ എത്തി ഉടുമ്പൻചോല തഹസീൽദാർ നിജു കുര്യൻ്റെ സാന്നിദ്ധ്യത്തിൽ മണ്ണുമാന്തി യന്ത്രം കൊണ്ട് കുഴിയിലെ മണ്ണ് നീക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ ശരീരത്തിൽ പൊള്ളലേറ്റ അടയാളങ്ങളുണ്ട്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ജോയൽ, ജോഫിറ്റ എന്നിവരാണ് റിജോഷ് – ലിജി ദമ്പതികളുടെ മറ്റ് മക്കൾ. മൂന്നാർ ഡി. വൈ. എസ്. പി രമേഷ്കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡി. വൈ. എസ്. പി പയസ് ജോർജ്ജ്, ശാന്തൻപാറ സി. ഐ ടി. ആർ പ്രദീപ്‌കുമാർ, രാജാക്കാട് സി. ഐ എച്ച്. എൽ ഹണി, എസ്. ഐ മാരായ പി. ഡി അനൂപ്‌മോൻ, ബി. വിനോദ്‌കുമാർ, ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *