ന്യൂഡൽഹി: 18 വയസിനു മുകളിൽ പ്രായമുള്ള ഏത് പൗരനും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി. വ്യക്തികൾക്ക് ഭരണഘടന അതിന് അവകാശം നൽകുന്നുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ഏതൊരു പൗരനും മതം പ്രചരിപ്പിക്കാൻ ഉള്ള അവകാശമുണ്ട്. ഈ അവകാശം ഭരണഘടനയിൽ വ്യക്തമാക്കിയതിന് കൃത്യമായ കാരണം ഉണ്ടെന്നും ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടി.
സമ്മാനങ്ങൾ, ഭീഷണി തുടങ്ങിയവയിലൂടെ രാജ്യത്ത് മതപരിവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അത് തടയാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് കൂടിയായ അഭിഭാഷകൻ അശ്വിനികുമാർ ഉപാധ്യായ നൽകിയ ഹരജി തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്.
വിവിധ വിഭാഗങ്ങളില്‍ വലിയ തോതില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും കണ്കെട്ട് വിദ്യ ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും അതിനാൽ തന്നെ ഇവയെല്ലാം നടക്കുന്നത് നിര്ബന്ധിതമായിട്ടാണെന്നുമായിരുന്നു ഹരജിയിലെ വാദം.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. മന്ത്രവാദം, ആഭിചാര ക്രിയകൾ എന്നിവ നിയന്ത്രിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഹരജി നൽകിയ അശ്വനി ഉപാധ്യായയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. പ്രശസ്തിയും വാർത്താ പ്രാധാന്യവും ലക്ഷ്യമിട്ടുള്ള ഹരജി ആണിത്. ഇത്തരം ഹരജികളുമായി ആര് വന്നാലും കനത്ത പിഴ ചുമത്തുമെന്നും കോടതി വ്യക്തമാക്കി. ഇതോടെ ഉപാധ്യായ ഹരജി പിൻവലിച്ചു.