അടിമാലി: അടിമാലി പട്ടാള ക്യാംപിൽനിന്നുള്ള ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തി പച്ചക്കറി വാങ്ങാനെന്ന പേരിൽ സംസാരിച്ച് കട ഉടമയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 40,000 രൂപ തട്ടിയെടുത്തു. അടിമാലിക്കു സമീപം ഇരുന്നൂറേക്കറിൽ പ്രവർത്തിക്കുന്ന കെവികെ പച്ചക്കറി സ്ഥാപന ഉടമയുടെ അക്കൗണ്ടിൽനിന്നാണ് പണം നഷ്ടമായത്.
മൂന്നാറിൽ ക്യാംപുചെയ്യുന്ന പട്ടാളക്കാർക്ക് ഭക്ഷ്യ ധാന്യങ്ങൾക്കു വേണ്ടിയാണ് വിളിക്കുന്നതെന്ന് ഫോണിലൂടെ പരിചയപ്പെട്ടയാൾ സന്ദേശം അയച്ചു. പിന്നാലെ വാട്ട്സാപ്പിൽ ആവശ്യമായ സാധന സാമഗ്രികളുടെ ലിസ്റ്റും എത്തി. തുടർന്ന് ഇതിനുള്ള തുക എത്രയാണെന്ന് ചോദിച്ചുള്ള സന്ദേശം ലഭിച്ചു. തുക അറിയച്ചതോടെ ബാങ്ക് അക്കൗണ്ട് നന്പർ, എടിഎം കാർഡിന്റെ കോപ്പി, പിൻ നന്പർ എന്നിവ വാട്ട്സാപ്പിലൂടെ ആവശ്യപ്പെട്ടു.
രേഖകളെല്ലാം കൈമാറി 10 മിനിറ്റിനുള്ളിൽ രണ്ടു ഘട്ടങ്ങളിലായി അക്കൗണ്ടിൽ ഉണ്ടായിരുന്ന 40,000 രൂപ നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വ്യാപാര സ്ഥാപനത്തിലേക്ക് വിളിച്ച
നന്പർ അസാമിൽ നിന്നുള്ളതാണെന്ന് ബോധ്യപ്പെട്ടു. അന്വേഷണം നടന്നുവരികയാണ്.