ഒരുത്തീ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് വിനായകന്. തന്റെ പരാമര്‍ശം വ്യക്തിപരമായിരുന്നില്ലെന്നും വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്നും വിനായകന് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
പരാമർശം വിവാദമാവുകയും വലിയ വിമർശനങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടന്റെ ഖേദപ്രകടനം.

‘നമസ്കാരം, ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ (ഒട്ടും വ്യക്തിപരമായിരുന്നില്ല) വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു’- എന്നാണ് വിനായകന്റെ ക്ഷമാപണ കുറിപ്പ്. എന്നാല്‍ മീടുവിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ വിനായകന് ഖേദം പ്രകടിപ്പിച്ചില്ല.

മീ ടൂ എന്നാൽ എന്താണെന്ന് തനിക്കറിയില്ലെന്നും ഒരാളോട് സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ അത് ചോദിക്കുമെന്നും അങ്ങനെ 10 പേരുമായി സെക്സ് ചെയ്തിട്ടുണ്ടെന്നും വിനായകന് പറഞ്ഞിരുന്നു. അതിന് മീ ടൂ എന്ന് വിളിക്കുകയാണെങ്കില്‍ ഇനിയും അത് ചെയ്യുമെന്നും നടൻ അഭിപ്രായപ്പെട്ടു.
തുടർന്നാണ് മാധ്യമപ്രവർത്തകയെ ചൂണ്ടി, ഇവരോട് തോന്നിയാലും ചോദിക്കുമെന്നും വിനായകൻ പറഞ്ഞത്. ഇതാണ് വലിയ വിമർശനങ്ങൾക്ക് കാരണമായത്. നടിമാരടക്കം നിരവധി പേർ വിനായകന്റെ ഈ പരാമർശത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനിടെ പലരും നടനെ വംശീയാധിക്ഷേപവും ബോഡി ഷെയ്മിങ്ങും നടത്തുകയും അമ്മയെ അടക്കം അസഭ്യം പറയുകയും ചെയ്തിരുന്നു.