മാധ്യമപ്രവർത്തകൻ യുഎച്ച് സിദ്ദീഖിന്റെ (42) അപ്രതീക്ഷിത വിയോഗം വീടെന്ന സ്വപ്നവും ഖത്തർ ലോകകപ്പ് റിപ്പോർട്ടിങ്ങെന്ന മോഹവും ബാക്കിയാക്കി. സുപ്രഭാതം ദിനപത്രം സീനിയർ റിപ്പോർട്ടറും സ്പോർട്സ് ലേഖകനുമായ യു എച്ച് സിദ്ദീഖ് ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയാണ്. വാടകവീട്ടിൽ നിന്ന് മോചനം നേടി ഒരു വീടായിരുന്നു സിദ്ദീഖിന്റെ ലക്ഷ്യം. അതിനായി പണി തുടങ്ങിയെങ്കിലും അടിത്തറയിലൊതുങ്ങി.

ലൈഫ് പദ്ധതിയിൽ വീട് പാസായിരുന്നെങ്കിലും അത് നിർമിച്ച് അതിൽ ഒരു രാത്രിയെങ്കിലും അന്തിയുറങ്ങണമന്ന സ്വപ്നം പൂവണിഞ്ഞില്ല. മാത്രമല്ല, ജില്ലാ, സംസ്ഥാന, ദേശീയ തലത്തിലുള്ള ഏത് കായികമേളയും റിപ്പോർട്ട് ചെയ്യാൻ അവിടെയെത്തുമായിരുന്ന സിദ്ദീഖ് ഇനി ഖത്തറിൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പ് കവർ ചെയ്യാൻ പോവാനിരിക്കെയായിരുന്നു മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ എത്തിയത്.
ഖത്തറിലേക്ക് പോവാനായി പാസ്പോർട്ട് ഉൾപ്പെടെ കിട്ടിയ കാര്യം സിദ്ദീഖ് സഹപ്രവർത്തകരോട് ഏറെ സന്തോഷത്തോടെ കഴിഞ്ഞദിവസം പങ്കുവച്ചിരുന്നു. എന്നാൽ അതെല്ലാം കേവലം സ്വപ്നമായി അവശേഷിപ്പിച്ച് സിദ്ദീഖ് അകാലത്തിൽ പൊലിഞ്ഞത് കുടുംബത്തിനും സഹപ്രവർത്തകർക്കും കൂട്ടുകാർക്കും താങ്ങാനാവുന്നില്ല.
ഏറ്റവുമൊടുവിൽ മഞ്ചേരിയിൽ നടന്ന സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരം റിപ്പോർട്ട് ചെയ്യാനും സിദ്ദീഖ് ആദിമധ്യാന്തം രംഗത്തുണ്ടായിരുന്നു. കേരളത്തിന്റെ കിരീടധാരണത്തിന് സാക്ഷിയായി ഫൈനൽ മത്സരവും റിപ്പോർട്ട് ചെയ്ത ശേഷം പെരുന്നാൾ ദിവസം സുഹൃത്തായ മാധ്യമപ്രവർത്തകന്റെ വീട്ടിൽ നിന്ന് ഭക്ഷണവും കഴിച്ചാണ് അദ്ദേഹം കുടുംബത്തിലേക്ക് മടങ്ങിയത്.
ഇക്കാര്യം സിദ്ദീഖ് ഈ മാസം മൂന്നിന് തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ”ഇവർ ഒരിക്കൽ കൂടി കപ്പടിക്കുന്നത് കാണാനാണ് പെരുന്നാളിന് നാട്ടിലെത്താതെ മഞ്ചേരിയിൽ തന്നെ നിന്നത്. 2018ൽ മിഥുന്റെ മിന്നുന്ന സേവുകളുമായി ബംഗാളിൻ്റെ സന്തോഷ് ട്രോഫി ചരിത്രത്തിന് സാൾട്ട് ലേക്കിൽ തിരുത്തെഴുതുമ്പോൾ മീഡിയ ബോക്സിൽ ഉണ്ടായിരുന്നു. ഇത്തവണ പയ്യനാട്ടെ മീഡിയ ബോക്സിലും”.

”ജിജോയുടെ ഹാട്രിക്കിന് സാക്ഷിയായി തുടങ്ങിയ 2022 സന്തോഷ് ട്രോഫി കളി എഴുത്ത് കിരീടധാരണവും പൂർത്തിയാക്കുന്നത് കൺകുളിർക്കെ കണ്ടു”- സിദ്ദീഖ് പറയുന്നു. ഈ മാസം ഒമ്പതിന് മകൾ ഫിദ ഫാത്വമയുടെ ജന്മദിനത്തിന് ആശംസയറിയിച്ചുള്ള പോസ്റ്റാണ് സിദ്ദീഖ് അവസാനമായി ഫേസ്ബുക്കിൽ പങ്കുവച്ചത്.
മംഗളം പ്രാദേശിക ലേഖകൻ ആയിട്ടാണ് സിദ്ദീഖ് മാധ്യമപ്രവർത്തനം തുടങ്ങുന്നത്. പിന്നീട് തേജസിൽ ഇടുക്കി ബ്യൂറോയിലെ റിപ്പോർട്ടറായും സ്പോർട്സ് ലേഖകാനായും സേവനമനുഷ്ടിച്ചു. മുല്ലപ്പെരിയാർ ഡാം സംബന്ധമായ വാർത്തകൾ റിപ്പോർട്ട് ചെയ്താണ് ഇദ്ദേഹം ശ്രദ്ധേയനാവുന്നത്.

ജി വി രാജ പുരസ്കാരവും കലാ-കായിക റിപ്പോർട്ടിങ്ങിന് മറ്റ് നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതിയംഗവും സുപ്രഭാതം ജേണലിസ്റ്റ് യൂണിയൻ സെക്രട്ടറിയുമാണ്.
കെയുഡബ്ല്യുജെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർകോട്ടേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് യുഎച്ച് സിദ്ദീഖിന് ഹൃദയാഘാതമുണ്ടായത്. തുടർന്ന് കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. നിസയാണ് ഭാര്യ. വിദ്യാർഥികളായ ഫിദ, ഫാദിയ എന്നിവർ മക്കളാണ്.

എന്റെ ശരികള്‍ എന്റെ ബോധ്യങ്ങളാണ്…
ഫേസ്ബുക്കിന്റെ മുഖ പേജില്‍ അവന് അവനെ എല്ലാവര്‍ക്കുമായി പരിചയപ്പെടുത്തി..
https://www.facebook.com/suhrthu.sidhique/